തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) നീക്കം ഒരേസമയം ട്രാക്ക് ചെയ്യാനാകുന്ന ഇവിഎം ട്രാക്ക് സോഫ്റ്റ്വേർ പ്രവർത്തന സജ്ജമായി. ഇവിഎമ്മുകളുടെ നീക്കം നിരീക്ഷിക്കാനും കേന്ദ്രീകൃത സംവിധാനത്തിലൂടെ ഏകോപിപ്പിക്കാനുമാകുന്നതാണ് ഇവിഎം ട്രാക്ക് സോഫ്റ്റ്വേർ.
തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കിയ ഇവിഎം ട്രാക്കിന്റെ ഉദ്ഘാടനം കമ്മീഷണർ എ. ഷാജഹാൻ നിർവഹിച്ചു. കമ്മീഷന്റെ ഇവിഎം കണ്‍സൾട്ടന്റ് എൽ. സൂര്യനാരായണന്റെ മേൽനോട്ടത്തിൽ എൻജിനിയറിംഗ് വിദ്യാർഥികളായ ആഷിൻ സി. അനിൽ, ജെസ്വിൻ സണ്‍സി എന്നിവരാണ് ഇവിഎം ഇൻവെന്ററി ആൻഡ് മാനേജ്മെന്റ് സോഫ്റ്റ്വേർ തയാറാക്കിയത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ആദ്യഘട്ട പരിശോധന കഴിഞ്ഞ് വോട്ടെടുപ്പിന് ഉപയോഗിക്കാൻ സജ്ജമായി. ഫസ്റ്റ് ലെവൽ ചെക്കിംഗിന് ഇവിഎം ട്രാക്ക് പരീക്ഷണ അടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉടമസ്ഥതയിലുള്ള 1,37,922 ബാലറ്റ് യൂണിറ്റുകളും 50,693 കണ്ട്രോൾ യൂണിറ്റുകളുമാണ് ജില്ലകളിലെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ളത്. ഇവയെല്ലാം കമ്മീഷനിംഗ് കഴിഞ്ഞ ശേഷം, ഇവിഎം ട്രാക്ക് സോഫ്റ്റ്വേറിന്റെ സഹായത്തോടെ വിവിധ പോളിംഗ്സ്റ്റേഷനുകളിൽ വോട്ടെടുപ്പിനായി വിന്യസിക്കും.